This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലഹാബാദ് സന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലഹാബാദ് സന്ധി

മുഗള്‍ ചക്രവര്‍ത്തി ഷാ അലം II, അവധ് നവാബ് ഷുജാ ഉദ്-ദൗള എന്നിവരുമായി ഈസ്റ്റിന്ത്യാ കമ്പനിക്കുവേണ്ടി റോബര്‍ട്ട് ക്ലൈവ് 1765 ആഗ. 12-നു പൂര്‍ത്തിയാക്കിയ ഉടമ്പടി. ബംഗാള്‍ നവാബായ മീര്‍ജാഫര്‍ നിര്യാതനായതിനെ(1765)ത്തുടര്‍ന്ന് ബ്രിട്ടീഷുശക്തി ബംഗാളില്‍ കെട്ടിപ്പടുക്കാനുള്ള പദ്ധതികള്‍ ക്ളൈവ് ആവിഷ്കരിച്ചു. മീര്‍ജാഫറുടെ പുത്രനായ നജിം ഉദ്-ദൗള ബ്രിട്ടീഷുകാരുടെ പാവയായിട്ടായിരുന്നു ബംഗാള്‍ ഭരിച്ചത്. ഭരിക്കുന്നതു യഥാര്‍ഥത്തില്‍ ഇംഗ്ലീഷുകാരായിരുന്നുവെങ്കിലും അവര്‍ നിയമപരമായ അവകാശം മുഗള്‍ചക്രവര്‍ത്തിയില്‍നിന്നും നേടിയിരുന്നില്ല. ക്രാന്തദര്‍ശിയായ ക്ളൈവ് ഇത് ലാക്കാക്കി മുഗള്‍ചക്രവര്‍ത്തി ഷാ അലം II മായി ഒരു സന്ധി അലഹാബാദില്‍വച്ചു നടത്തി. സന്ധിവ്യവസ്ഥയനുസരിച്ച് അലഹാബാദ്, കോറ എന്നീ ജില്ലകളും വര്‍ഷംതോറും 26 ലക്ഷം രൂപയും ചക്രവര്‍ത്തിക്കു കിട്ടി. ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലെ 'ദിവാനി' ഒരു ശാസനമൂലം ചക്രവര്‍ത്തി ഇംഗ്ളീഷുകാര്‍ക്കു പകരം കൊടുത്തു; അവധ് 50 ലക്ഷം രൂപയ്ക്ക് അവിടത്തെ നവാബിനു വിട്ടുകൊടുത്തു. അതോടുകൂടിയാണ് ഇംഗ്ലീഷുകാര്‍ ആദ്യമായി ഇന്ത്യയില്‍ നിയമപരമായ അവകാശം സ്ഥാപിക്കാനാരംഭിച്ചത്. നിരവധി യുദ്ധങ്ങള്‍ ഒഴിവാക്കാനും ശക്തമായ ഒരു ബ്രിട്ടീഷുസാമ്രാജ്യത്തിന് അടിത്തറപാകാനും തന്മൂലം ക്ലൈവിനു കഴിഞ്ഞു. മഹാരാഷ്ട്രര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഇടയില്‍ അവധ് ഒരു 'മധ്യവര്‍ത്തിരാജ്യം' (Buffer State) ആയിത്തീര്‍ന്നത് ഈ സന്ധിമൂലമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍